Saturday, June 29, 2013

"വഴിപിഴച്ചവള്‍"



വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായെങ്കിലും ആമിന, സലാം ദമ്പതികള്‍ക്ക് ഇതുവരെയും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. അവര്‍ നേരാത്ത നേര്‍ച്ചകളില്ല, അവര്‍ പ്രാര്‍ഥിക്കാത്ത നേരങ്ങളില്ല. അങ്ങനെയിരിക്കെയാണ് ഒരുദിവസം രാവിലെ ആമിന സലാമിനോട് പറഞ്ഞത്,

'സലാംക്കാ, എനിക്കെന്തോ ഒരു വല്ലായ്മ പോലെ, രണ്ട് പ്രാവശ്യം ഛര്‍ദ്ദിച്ചു. നമുക്കൊന്ന് ആശുപത്രിയിൽ പോയാലോ'

ആമിനാക്ക് ഒരു തലവേദന വന്നാൽ പോലും സഹിക്കാന്‍ കഴിയാത്ത സലാമിന് ഇത് കേട്ടപ്പോള്‍ ആധിയായി. സലാം പറഞ്ഞു,

'പലതരം അസുഖങ്ങളുള്ള കാലമാ ഇത്. നീ പെട്ടെന്ന് വാ, നമുക്ക് ശാരദ ഡോക്ടറുടെ ആശുപത്രിയിലേക്ക് പോകാം. ഇപ്പോള്‍ ടൌണിലേക്ക് ഒരു ബസ്സുണ്ട്. പിന്നെ ഒരു മണിക്കൂര്‍ കഴിയണം അടുത്ത ബസ് വരാന്‍.'

ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയമായ ആമിനയോടെ ഡോക്ടര്‍ പറഞ്ഞു,

'പനിയോന്നുമില്ലല്ലോ, നമുക്കൊന്ന് രക്തം പരിശോധിച്ചു നോക്കാം.'

പരിശോധന ഫലവുമായി ലാബില്‍ നിന്നും സലാമും ആമിനയും വീണ്ടും ഡോക്ടറുടെ മുറിയിലെത്തി. അവരെ മുന്‍പരിചയമുണ്ടായിരുന്ന ഡോക്ടര്‍ ഒരു ചെറുചിരിയോടെ പറഞ്ഞു,

'നിങ്ങളെന്തിനാ ഇങ്ങനെ പേടിച്ചിരിക്കുന്നത്‌, ഒരു സന്തോഷ വാര്‍ത്തയാണല്ലോ.. നിങ്ങളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. ഒരു കുഞ്ഞിക്കാല് കാണുവാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകാന്‍ പോകുന്നു'.

ഇത് കേട്ട ആമിനയും സലാമും പരസ്പരം നോക്കി. അവരുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു. മനസ്സില്‍ ആഹ്ലാദം അലതല്ലി. ഒന്ന് ആലിംഗനം ചെയ്യുവാന്‍ അവരുടെ മനസ്സ് കൊതിച്ചു.

അടുത്ത മാസം പരിശോധനക്ക് വരണമെന്ന ഡോക്ടറുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ പോലും നേരമില്ലാതെ അവര്‍ ധൃതിയില്‍ വീട്ടിലേക്ക് തിരിച്ചു.

പിന്നീടുള്ള ഒമ്പത് മാസം, അവര്‍ക്ക് സന്തോഷത്തിന്റെയും ഉത്ക്കണ്ഠയുടെയും നാളുകളായിരുന്നു. അങ്ങനെ ആ ദിവസം ആഗതമായി. ലേബര്‍ റൂമിനകത്തു നിന്നുള്ള ആമിനയുടെ നിലവിളിക്കൊടുവില്‍ കുഞ്ഞിന്‍റെ ആദ്യ ശബ്ദം കരച്ചിലായി സലാമിന്‍റെ കാതുകളില്‍ അലയടിച്ചപ്പോള്‍, അവനത്രയും നേരം അനുഭവിച്ചുകൊണ്ടിരുന്ന മാനസികപിരിമുറുക്കത്തിന് പരിസമാപ്തി കുറിച്ചു. ലേബര്‍ റൂമില്‍ നിന്നും പുറത്തേക്ക് വന്ന നേഴ്സ് വിളിച്ച് പറഞ്ഞു, 'പെണ്‍കുട്ടി'.

പിന്നെ തന്‍റെ രക്തത്തെ കാണുവാനുള്ള തിടുക്കമായി സലാമിന്. അവന്‍റെ കാത്തിരിപ്പിനൊടുവില്‍ കുട്ടിയേയും കൊണ്ട് പുറത്തേക്ക് വന്ന നേഴ്സ് പറഞ്ഞു, 'കുട്ടിയെ റൂമിലേക്ക് കൊണ്ടുപോയിക്കോളൂ, ആമിനയെ കുറച്ചു കഴിഞ്ഞ് കൊണ്ടുവരും.'

സലാം കുട്ടിയെ തന്‍റെ മാറോടണച്ചു, നെറ്റിയിലും ഇരു കവിളുകളിലും മതിവരാതെ ഉമ്മവെച്ചു. ഇത്കണ്ട നേഴ്സ് പറയുന്നുണ്ടായിരുന്നു, 'അധികം ഉമ്മവേക്കേണ്ട, കുട്ടിക്ക് രോഗാണുക്കള്‍ പെട്ടെന്ന് പടരും. സലാം കുട്ടിയേയും കൊണ്ട് റൂമിലേക്ക് പോയി, കുറച്ചു കഴിഞ്ഞ് ആമിനയും റൂമിലേക്ക് വന്നു. രണ്ട് ദിവസം കഴിഞ്ഞ് അവര്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുപോയി.

പിന്നീടുള്ള ആമിനയുടെയും സലാമിന്‍റെയും ജീവിതം ആഹ്ലാദഭരിതമായിരുന്നു. അവര്‍ കുട്ടിക്ക് 'ഫാത്തിമ' എന്ന്‍ പേരിട്ടു. കാല്‍ വളരുന്നതും കൈ വളരുന്നതും നോക്കി, തങ്ങളുടെ മകളെ അവര്‍ പൊന്നുപോലെ വളര്‍ത്തി.

വര്‍ഷങ്ങള്‍ കഴിഞ്ഞു, ഫാത്തിമയെ സ്കൂളില്‍ ചേര്‍ത്തു. പഠിക്കാന്‍ മിടുക്കിയായിരുന്ന അവള്‍ ഒന്നാമതായിട്ടയിരുന്നു എല്ലാ ക്ലാസുകളില്‍ നിന്നും വിജയിച്ചുകയറിയത്. അങ്ങനെ പത്താം ക്ലാസ്സും ഉയര്‍ന്നവിജയം കരസ്ഥമാക്കി ഫാത്തിമ. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സലാമിനെ അലട്ടിയിരുന്നുവെങ്കിലും ഫാത്തിമയെ തുടര്‍ന്ന്‍ പഠിപ്പിക്കുവാന്‍ അവര്‍ തീരുമാനിച്ചു. അവള്‍ക്ക് അടുത്തുള്ള സ്കൂളില്‍ തന്നെ പ്ലസ്‌വണിന് അഡ്മിഷന്‍ ലഭിച്ചു.

ഒരു ദിവസം പള്ളിയില്‍ നിന്നും നിസ്കരിച്ചു മടങ്ങുകയായിരുന്ന സലാമിനോട് പള്ളിക്കമ്മിറ്റി അംഗമായ റഹിമാനിക്ക പറഞ്ഞു, 'സലാമേ, നിന്‍റെ മകള്‍ക്ക് പതിനാറ് വയസായില്ലേ, വിവാഹം കഴിപ്പിച്ചു വിടാനുള്ള പരിപാടിയൊന്നുമില്ലേ'

'അവള്‍ പഠിക്കുകയല്ലേ ഇക്കാ, ഇനിയും പഠിക്കണമെന്നാണ് അവളുടെ താല്‍പര്യം, ഞങ്ങളുടെയും'. സലാം പറഞ്ഞു.

'പെണ്‍കുട്ടികള്‍ വഴിപിഴക്കുവാന്‍ ഒരുപാട് അവസരമുള്ള കാലമാ ഇത്, പെട്ടെന്ന്‍ വിവാഹം കഴിപ്പിച്ചു വിടുന്നതാ നല്ലത്. എനിക്കറിയാവുന്ന ഒരു ചെറുക്കനുണ്ട്, നല്ലവനാണ്, നിനക്ക് താല്‍പര്യമാണെങ്കില്‍ സംസാരിച്ചു നോക്കാം.' റഹിമാനിക്ക പറഞ്ഞു.

ഒന്നും മറുപടി പറയാതെ സലാം വീട്ടിലേക്ക് നടന്നു. റഹിമാനിക്ക പറഞ്ഞ കാര്യം ആമിനയോട്‌ പറഞ്ഞു. ഫാത്തിമയുടെ കുട്ടിക്കളി ഇതുവരെയും മാറിയിട്ടില്ല, ഒരുപാട് പഠിക്കുവാനുള്ള സ്വപ്നവുമായിട്ടാണ് അവള്‍ ജീവിക്കുന്നത്.' ആമിന പറഞ്ഞു. പുറം ലോകവുമായി അധികം ബന്ധമില്ലാതിരുന്ന സലാമിനെ റഹിമാനിക്കയുടെ വാക്കുകള്‍ അലട്ടിക്കൊണ്ടെയിരുന്നു. അവസാനം അവര്‍ ഒരു തീരുമാനമെടുത്തു, ഫാത്തിമയെ വിവാഹം കഴിപ്പിച്ചു വിടുക.

ആമിന ഫാത്തിമയെ ഈ വിവരം അറിയിച്ചപ്പോള്‍ അവള്‍ തനിക്ക് പഠിക്കണമെന്ന് വാശിപിടിച്ചു. അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ സമ്മതം മൂളി.

അങ്ങനെ ചെറുക്കനും കൂട്ടരും ഒരു ദിവസം ഫാത്തിമയെ പെണ്ണുകാണാന്‍ വന്നു. റഹിമാനിക്കയും അവരുടെ കൂടെയുണ്ടായിര്‍ന്നു. സുന്ദരിയായ ഫാത്തിമയെ ചെറുക്കന് ഇഷ്ടപ്പെട്ടു. ചെറുക്കനും കാണാന്‍ തരക്കേടില്ലായിരുന്നു. പിന്നീടവര്‍ കല്യാണകാര്യത്തെ കുറിച്ച് സംസാരിക്കുവാന്‍ തുടങ്ങി. ചെറുക്കന്‍റെ ബാപ്പ പറഞ്ഞു, 'രണ്ട് ലക്ഷം രൂപയും ഇരുപത്തഞ്ചു പവനും, അത് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ, ഇന്നത്തെ അവസ്ഥ വെച്ച് ഇത് വളരെ കുറവാണ്.'

ഇത് കേട്ട സലാമിന്റെ നെഞ്ചൊന്ന് പിടച്ചു. സലാം പറഞ്ഞു, 'ഞാന്‍ കൂലിവേല ചെയ്താണ് കുടുംബത്തെ പോറ്റുന്നത്. ഇത്രയും തുകയും സ്വര്‍ണ്ണവും നല്‍കാന്‍ എനിക്ക് കഴിയില്ല.'

'എങ്കില്‍ നിങ്ങള്‍ കുട്ടിയെ കെട്ടിച്ചുവിടാമെന്ന മോഹവും വെച്ച് നടക്കേണ്ട. അവള്‍ മൂത്ത് നരച്ച് ഇവിടെതന്നെ കഴിയേണ്ടി വരും'.
ചെറുക്കന്റെ ബാപ്പ ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു.

സലാമിന്റെ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ റഹിമാനിക്ക സലാമിനെ വീടിനു പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി പറഞ്ഞു,
'സലാമേ, ഇക്കാലത്ത് സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുന്ന ചെറുക്കനെ എവിടുന്ന് ലഭിക്കും? നീയൊന്നു സമ്മതിക്ക്, പണമൊക്കെ എങ്ങിനെയെങ്കിലും ഉണ്ടാക്കാം'

'പള്ളിക്കമ്മിറ്റി അംഗമായ നിങ്ങള്‍ തന്നെയാണോ ഇത് പറയുന്നത്, സ്ത്രീധനം വാങ്ങുവാന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടോ, ഞാന്‍ ആമിനയെ അഞ്ച് പൈസ സ്ത്രീധനം വാങ്ങാതെയാണ് ഇറക്കിക്കൊണ്ട്‌ വന്നത്. എന്റെ മകള്‍ക്ക് സ്ത്രീധനം വാങ്ങാത്ത ചെറുക്കനെ കിട്ടുമോ എന്ന് ഞാനൊന്ന് നോക്കട്ടെ.' ദേഷ്യത്തോടെ സലാം മറുപടി പറഞ്ഞു.

'എങ്കില്‍ നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്‌. ഞാനവരെയും കൂട്ടി പോവുകയാണ്. കുറച്ചു ദിവസംകൂടി അവരോടു കാത്ത് നില്‍ക്കാന്‍ അവരോടു പറയാം. നിന്‍റെ മനസ്സ് മാറുകയാണെങ്കില്‍ എന്നെ അറിയിക്കുക. ഒരു കാര്യം കൂടി പറഞ്ഞേക്കാം, സ്ത്രീധനം നല്‍കാതെ നിന്റെ മകളെ വിവാഹം കഴിപ്പിക്കാന്‍ കഴിയുമെന്ന് നീ കരുതേണ്ട.' റഹിമാനിക്ക അതും പറഞ്ഞു ചെറുക്കനേയും കൂട്ടരെയും വിളിച്ചുകൊണ്ടു പോയി.

സലാമും ആമിനയും അന്ന് രാത്രി ഉറങ്ങിയില്ല. അവര്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു നേരം പുലര്‍ന്നതറിഞ്ഞില്ല. അവര്‍ക്ക് നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിക്ക് അധീശപ്പെടെണ്ടിവന്നു. അവര്‍ തീരുമാനിച്ചു, വീടും പറമ്പും പണയം വെച്ചും എവിടെ നിന്നെങ്കിലും പണം കടം വാങ്ങിയും മകളെ വിവാഹം കഴിപ്പിച്ചുവിടാന്‍. റഹിമാനിക്കയെ വിളിച്ച് ചെറുക്കന്റെ വീട്ടുകാരെ കൊണ്ട് സ്ത്രീധം ഒന്നര ലക്ഷവും ഇരുപത് പവനുമായി കുറപ്പിച്ചു.

അങ്ങനെ ഫാത്തിമയുടെ വിവാഹം തരക്കേടില്ലാതെ തന്നെ കഴിഞ്ഞു. പക്ഷെ, ഫാത്തിമയുടെ ദുരന്ത ജീവിതം അവിടെ ആരംഭിക്കുകയായിര്‍ന്നു. വിവാഹം കഴിഞ്ഞ് കുറച്ച്നാള്‍ കഴിഞ്ഞപ്പോഴേക്കും അവള്‍ ദാമ്പത്യജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ, മാസങ്ങള്‍ക്കകം തന്നെ ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും സ്വഭാവത്തില്‍ മാറ്റംവരുവാന്‍ തുടങ്ങി. അവര്‍ സ്ത്രീധനം കുറഞ്ഞതിന്‍റെ പേരില്‍ ഫാത്തിമയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുവാന്‍ തുടങ്ങി. അവള്‍ ഒരുവിധം ക്ഷമിച്ചു, ഭര്‍ത്താവിന്‍റെ പിന്തുണ ലഭിക്കുമെന്ന ആശ്വാസത്തില്‍. പക്ഷെ, ശാരീരിക പീഡനത്തിനുമുപരി ഭര്‍ത്താവില്‍ നിന്നുമുണ്ടായ മാനസിക പീഡനം അവളെ വല്ലാതെ വേദനിപ്പിച്ചു.

ബാപ്പയെ ഉമ്മയെയും വിവരമറിയിക്കാന്‍ അവളുടെ മനസ്സ് കൊതിച്ചെങ്കിലും തന്നെ വിവാഹം കഴിപ്പിച്ചു വിട്ടതിന്റെ കടത്തില്‍ മുങ്ങിത്താഴുകയായിരുന്ന അവരെ ഈ വിവരം അറിയിച്ചില്ല.

പത്ത് വര്‍ഷം ഫാത്തിമ നരകതുല്യമായ ജീവിതം നയിച്ചു, ക്ഷമിച്ചും, സഹിച്ചും. അവള്‍ക്ക് ഇരുപത്താറ് വയസ്സ് പൂര്‍ത്തിയാകുന്ന ദിവസം, വീട് വൃത്തിയാക്കുന്നതിനിടയിലാണ് അവളത് ശ്രവിച്ചത്,

'എനിക്ക് പുതിയ കച്ചവടം തുടങ്ങാന്‍ കുറച്ചു പണത്തിന്റെ അത്യാവശ്യമുണ്ട്. ഫാത്തിമയെ നാളെ അവളുടെ വീട്ടില്‍ കൊണ്ടുവിടാം. പണം തന്നാല്‍ മാത്രമേ അവളെ തിരിച്ചു കൂട്ടിക്കൊണ്ടുപോവുകയുള്ളൂ എന്നവരോട് പറയാം.' അവളുടെ ഭര്‍ത്താവ് ഉപ്പയോടെ പറയുകയാണ്‌.

ഇത് കേട്ട ഫാത്തിമയുടെ മനസ്സില്‍ ഒരുമിന്നല്‍പിണര്‍ കടന്നുപോയി. ഇല്ല, എന്റെ ബാപ്പയെയും ഉമ്മയെയും ഇനിയും വിഷമിപ്പിക്കാന്‍ എനിക്കാവില്ല. വിങ്ങുന്ന മനസ്സുമായി അവള്‍ തന്റെ റൂമിലേക്ക് കടന്നു കതകുകളടച്ചു. ഒരുതരം മാനസികവിഭ്രാന്തി അവളെ പിടികൂടി. സാരിത്തുമ്പില്‍ തന്‍റെ ജീവിതം അവസാനിപ്പിച്ചാലോ എന്ന് അവൾ ചിന്തിച്ചു. പക്ഷെ മരിക്കാനവൾക്ക് ഭയമായിരുന്നു. ബാപ്പയുടെയും ഉമ്മയുടെയുമടുത്തെക്ക് പോവുകയില്ലെന്ന് അവൾ ശപഥം ചെയ്തു. അവസാനം അവൾ ഒരു തീരുമാനത്തിലെത്തി, നാടുവിടുക, എവിടെയെങ്കിലും പോയി എങ്ങിനെയെങ്കിലും ജീവിക്കുക. രാത്രി എല്ലാവരും ഉറങ്ങിയ നേരത്ത് വീടിന്റെ പുറത്തിറങ്ങിയ അവൾ, ഇടവഴികളിലൂടെ ഇരുട്ടിലേക്ക് മറഞ്ഞുനീങ്ങി.

പിന്നീട് ഫാത്തിമയെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. മകൾക്ക് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം ഞങ്ങൾ തന്നെയാണെന്ന് സ്വയം ശപിച്ചുകൊണ്ട് സലാമും ആമിനയും തീരാസങ്കടവുമായി കഴിഞ്ഞുകൂടുകയായിരുന്നു.

ഒരുദിവസം മുംബൈയില്‍ ജോലിയുള്ള ആ നാട്ടുകാരനായ ഒരാള്‍ അങ്ങാടിയിലെ  ആള്‍ക്കുട്ടത്തോടായി പറഞ്ഞു, 'അന്ന് ഒളിച്ചോടിപ്പോയ സലാമിന്റെ മകള്‍ ഫാത്തിമയെ മുംബൈയിലെ ചുവന്ന തെരുവില്‍ കണ്ടവരുണ്ടത്രേ'.

ഇത് കേട്ടുകൊണ്ടിരുന്ന റഹിമാനിക്കയും നാട്ടുകാരും ഒരേ സ്വരത്തില്‍ പറഞ്ഞു,

"വഴിപിഴച്ചവള്‍" !!

Friday, June 28, 2013

ഒരു പേരിലെന്തിരിക്കുന്നു!



'തായി', എന്ത് പേരാടാ ഇത്? എവിടുന്നു കിട്ടി ഈ പേര്?

ഈ ചോദ്യം ബാല്യകാലത്ത്‌ എന്നെ വല്ലാതെ അലട്ടിയിരുന്നു. പ്രത്യേകിച്ച് തായി എന്നതിന് പകരം 'കോയി' ഹാരിസ് എന്ന് സുഹൃത്തുക്കള്‍ പരിഹാസപൂര്‍വ്വം വിളിക്കാന്‍ തുടങ്ങിയതിന് ശേഷം. ബാല്യകാലത്ത്‌ എല്ലാവര്‍ക്കും ഇത് പോലെയുള്ള അപരനാമങ്ങള്‍ ഉണ്ടാകുമായിരുന്നതിനാല്‍ ആ പേര് പകരം വിളിച്ച് ഒരു പരിധി വരെ ഞാന്‍ സംതൃപ്തി നേടുകയായിരുന്നു. എങ്കിലും, എനിക്കെങ്ങനെ ഈ പേര് വന്നു എന്നത് മനസ്സിനെ അലട്ടികൊണ്ടിരുന്നു.

സഹികെട്ട് ഒരു ദിവസം ഞാന്‍ ഉമ്മയോടെ ദേഷ്യത്തോടെ ചോദിച്ചു, 'ഉമ്മാ.. ആരാ എനിക്ക് തായി എന്ന് പേരിട്ടത്?
ഉമ്മയുടെ മുഖത്ത് ചിരി പടര്‍ന്നു.
ഉമ്മ പറഞ്ഞു, 'നിന്റെ ഉപ്പയുടെ പെങ്ങളുടെ മകന്‍ ഫൈസലാ നിനക്കീ പേരിട്ടത്'.
ഞാന്‍ ചോദിച്ചു. 'അവനെന്തിനാ ഈ പേരിട്ടത്?
ഉമ്മ പറഞ്ഞു, അത് അവനോടു തന്നെ ചെന്ന് ചോദിക്ക്..
ആ സമയത്ത് എന്റെ വായില്‍ വന്ന തെറി മുഴുവനും ഞാനവനെ വിളച്ചു, ഉമ്മ കേള്‍ക്കാതെ. വീണ്ടും വീണ്ടും ഞാന്‍ ഉമ്മയെ ശല്യപ്പെടുത്തികൊണ്ടിരുന്നു, എങ്ങനെയാണാ പേര് എനിക്ക് കിട്ടിയതെന്നറിയാന്‍. സഹികെട്ട് ഉമ്മ പറഞ്ഞു, ചെറുപ്പത്തില്‍ അവന്‍ നിന്നെ തായി എന്ന് വിളിച്ചു, അതവന്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അങ്ങനെ എല്ലാവരും ആ പേര് ഏറ്റെടുത്തു. അത്ര തന്നെ..

പിന്നീടൊരിക്കല്‍ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, ഡാ.. തായി എന്ന്‍ പറഞ്ഞല്‍ അമ്മ എന്നാണ് അര്‍ത്ഥം. നാണക്കേട്‌, സ്ത്രീകളുടെ പേരാണല്ലോടാ നിനക്ക്..
അതും കൂടി കേട്ടപ്പോള്‍ എന്റെ പക്വതയെത്താതിരുന്ന മനസ്സ് കലികൊണ്ട്‌ തുള്ളി.

പക്ഷെ, പിന്നീട് മാനസികവളര്‍ച്ചയിലൂടെ ലഭിക്കുന്ന കാഴ്ച്ചപ്പാടുകളും ജീവിതാനുഭവങ്ങളും 'തായി' എന്ന എന്റെ പേര് എനിക്കേറ്റവും ഇഷ്ടപ്പെട്ടതായി.

അമ്മയെന്ന രണ്ടക്ഷരങ്ങളിലോതുങ്ങാത്ത മാതൃത്വത്തിന്റെ അവാച്യമായ വ്യാഖ്യാനം, അതിന്റെ മഹത്വം ഗ്രാഹ്യമായതോടെ തായി എന്ന പേര് എനിക്ക് ലഭിച്ചതില്‍ ഞാന്‍ അഭിമാനിച്ചു.

ഉപ്പയുടെ വേര്‍പാടിന് ശേഷം എനിക്കും എന്റെ സഹോദരങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്ന ഉമ്മ. ഒരിക്കലും ഉമ്മ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുന്നതായി എനിക്ക് മിഴിപ്പെട്ടിട്ടില്ല. ഞങ്ങളുടെ സന്തോഷവും ഇഷ്ടങ്ങളുമാണ് ഉമ്മയുടെതും. ഉമ്മ എന്ന വാക്കിന്റെ പര്യായമായ തായി എന്ന പേരില്‍ ഞാനിന്ന്‍അഭിമാനിക്കുന്നു, അഹങ്കരിക്കുന്നു..

Wednesday, June 26, 2013

ഉപ്പ



അന്ന് പെയ്ത പേമാരിയില്‍
വൈദ്യുതി നിലച്ചു,
ഫോണ്‍ നിലച്ചു,
നിലച്ചില്ല പക്ഷെ
ഉപ്പയുടെ സ്നേഹത്തുടിപ്പുകള്‍..
അലയടിച്ച ജനസാഗരത്തിന്റെ
സ്നേഹവായ്പില്‍
അമര്‍ന്നുപോയെന്‍ തേങ്ങലുകള്‍..

മീസാന്‍ കല്ല്‌ പതിച്ചിട്ടുമടങ്ങാത്ത
സ്നേഹക്കടലിന്നോളങ്ങള്‍
ഇന്നും തീര്‍ക്കുന്നെന്‍ ഹൃത്തില്‍
ഉപ്പയുടെയനന്തമാം സ്നേഹത്തിന്‍ ചാലുകള്‍..

Tuesday, June 25, 2013

പ്രണയം



നീയെന്‍റെ പ്രണയത്തിനു കുറുകെ പണിത
ചില്ല് വേലികള്‍ താണ്ടുമ്പോള്‍
എന്‍റെ മിഴികളിനിന്ന് പൊഴിഞ്ഞ നിണകണങ്ങള്‍
വിത്ത് പാകി എന്‍ ഹൃത്തിലൊരു
ചുവന്ന റോസ് പൂങ്കാവനത്തിനായ്..
കൊഴിയാനനുവദിച്ചില്ല ഞാനൊരു റോസും,
മുള്ളുകള്‍ കൊണ്ടെന്റെ കൈകളില്‍ രക്തം പടരുമ്പോഴും..

നിന്‍റെ പ്രണയത്തിനായുള്ള കാത്തിരിപ്പിനന്ത്യമായി
നിണകണങ്ങള്‍ നിറഞ്ഞ എന്‍ മിഴിയിണകള്‍
എന്നെന്നേക്കുമായ് അടയുന്ന നേരത്തും
നെഞ്ചോടു ചേര്‍ക്കും ഞാന്‍ നിനക്കായ് കരുതിയൊരു
വാടാത്ത വിടര്‍ന്ന ചുവന്ന റോസാപ്പൂ..

Monday, June 24, 2013

പ്രവാസം

വെള്ളിയാഴ്ചകളിൽ അബുദാബിയിലെ മദീന സായദ് ഷോപ്പിംഗ് സെന്‍ററും അതിനോടനുബന്ധിച്ച പുൽമൈതാനവും ജന നിബിഡമായിരിക്കും. അതുവഴി കടന്നുപോകുന്നവർക്ക് മിഴിപ്പെടാതിരുന്നിട്ടുണ്ടാവില്ല ആ രംഗം. മിക്ക വെള്ളിയാഴ്ചകളിലെയും എന്‍റെ സഞ്ചാര വീഥിയാണ് അതിന്‍റെ മുൻവശത്തുകൂടിയുള്ള നടപ്പാത.

നഗരത്തിൽ നിന്നും അകലെയുള്ള ലേബർ ക്യാമ്പുകളിൽ നിന്നും വരുന്ന തൊഴിലാളികൾ അവധിദിന വിശ്രമത്തിനായി ഒത്തുചേരുന്ന ഒരിടമാണത്. അസഹ്യമായ വേനൽച്ചൂടിന്‍റെ തീക്ഷ്ണതയിൽ നിർമ്മാണപ്രവർത്തനങ്ങളിലും നഗരശുചീകരണ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരാണ് ഇതിൽ ഭൂരിഭാഗവും. പ്രവൃത്തിദിനങ്ങളിലെ കാഠിന്യമേറിയ ജോലിയുടെ ക്ഷീണത്തിനൊടുവില്‍ ലഭിക്കുന്ന അവധിദിനം അവർക്ക് മാനസികമായും ശാരീരികമായും തെല്ലൊന്നുമല്ല ആശ്വാസം നല്കുന്നത്. അതവരുടെ മുഖഭാവം ശ്രദ്ധിച്ചാൽ ഗ്രാഹ്യമാകും. ശീതീകരിച്ച മുറിയിലിരുന്ന് ജോലിചെയ്യുന്ന ഞാനടക്കമുള്ളവരുടെ അവധിദിനം, അവരുടെതുമായി തുലനം ചെയ്യുമ്പോൾ മനസ്സിലാകും അവർക്കത്‌ എത്രത്തോളം മാനസികോല്ലാസം നൽകുന്നുണ്ടെന്ന്.

പൊതുവെ എല്ലാവരും പറയാറുണ്ട്, വെള്ളിയാഴ്ചയ മദിന സായദ് ഷോപ്പിംഗ്‌ സെന്‍ററിലേക്ക് പോകാൻ കഴിയില്ല, അവിടെ ലേബർമാരെ കൊണ്ട് നിറഞ്ഞിരിക്കും, ശരിക്കും ഷോപ്പിംഗ്‌ നടത്തുവാൻ കഴിയില്ല എന്നൊക്കെ. പക്ഷെ, കാഠിന്യമേറിയ അദ്ധ്വാനത്തിനും മാനസിക സമ്മർദ്ദങ്ങൾക്കുമൊടുവിൽ ലഭിക്കുന്ന ഒഴിവുദിനം ആസ്വദിക്കുവാനുള്ള അവരുടെ ഉത്സുകത, അതിൽകവിഞ്ഞ ഒന്നും തന്നെ അവരുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല.

ചിലർ ചുറ്റുമിരുന്ന് പരസ്പരം ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവെച്ചു ആനന്ദം കണ്ടെതുകയായിരിക്കും. മറ്റു ചിലരാകട്ടെ അവധിക്ക് നാട്ടിലേക്ക് പോകുന്നതിനു മുന്നോടിയായുള്ള ഷോപ്പിങ്ങിലായിരിക്കും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പിറന്ന നാടന്‍റെ ഗന്ധം ആസ്വദിക്കുവാൻ, ഉറ്റവരെയും ഉടയവരെയും ഒരുനോക്ക് കാണുവാന്‍ വേണ്ടിയുള്ള യാത്രയുടെ ആകാംക്ഷയും ആഹ്ലാദവുമെല്ലാം അവരുടെ മുഖഭാവത്തിൽ നിന്നും പ്രകടമാകും.

അങ്ങിനെയുള്ള ഒരു വെള്ളിയാഴ്ചയാണ് ഞാനയാളെ ശ്രദ്ധിച്ചത്. ഏകദേശം 35 വയസ്സ് തോന്നിക്കുന്ന ഒരാൾ ആരോടും ഇടപഴകാതെ ഏകനായി ഇരിക്കുന്നു. അയാളുടെ മുഖം കടുത്ത വിഷാദവും എകാകന്തതയും കൊണ്ട് മ്ലാനമായിരുന്നു. ഞാനയാളുടെയടുത്തെക്ക് നീങ്ങി. ഒന്ന് പരിചയപ്പെടാൻ ശ്രമിച്ചു. പക്ഷെ അയാൾ എന്നെ ശ്രദ്ധിച്ചില്ല. ഞാൻ വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചു. അങ്ങനെ മനസ്സില്ലാമനസ്സോടെ അയാൾ എന്നോട് സംസാരിക്കുവാൻ തയ്യാറായി. ആദ്യം കുറച്ചുമാത്രം സംസാരിച്ച അയാൾ പിന്നീട് വാചാലനായി. മനസ്സിൽ കുന്നുകൂടിയ വേദനയുടെ ഭാണ്ഡം ഒന്നിറക്കിവെക്കുവാൻ അയാളുടെ മനസ്സ് വെമ്പുന്നതായി എനിക്ക് തോന്നി.

തൃശൂര്‍ സ്വദേശിയായ അയാള്‍ ഏഴ് വർഷമായി ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടൽ കടന്നെത്തിയിട്ട്. അതിനിടയിൽ ഇതുവരെയും നാട്ടിൽ പോയിട്ടില്ല. അമ്മയും സഹോദരിയും അയാളുമടങ്ങുന്ന ചെറിയ കുടുംബം. അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. നാട്ടിൽ വാർക്കപ്പണിയും മറ്റുമായി ജീവിച്ചു പോവുകയായിരുന്നു. പക്ഷെ തന്‍റെ വരുമാനം കൊണ്ട് സഹോദരിയുടെ വിവാഹം നടത്താൻ കഴിയില്ലെന്ന ബോധ്യം അയാളെ അലട്ടുവാൻ തുടങ്ങി. അങ്ങനെയാണ് ഒരു ഏജന്റ് വഴി വിസ തയ്യാറാക്കി അയാൾ അബുദാബിയിലെത്തുന്നത്. തന്റെ വീടും സ്ഥലവും പണയം വെച്ചാണ് അയാൾ വിസക്കുള്ള പണം കണ്ടെത്തിയത്. ഗൾഫിലേക്ക് പോവുകയല്ലേ, എത്രയും പെട്ടെന്ന് കടങ്ങളൊക്കെ വീട്ടിതീർക്കാം എന്ന ആശ്വാസമായിരുന്നു അയാൾക്ക്.

പക്ഷെ ഇവിടെ എത്തിച്ചേർന്ന അയാളെ വരവേറ്റത് പീഡാവാഹമായ അനുഭവങ്ങളായിരുന്നു. എജന്റ് അയാളെ പറഞ്ഞ് പറ്റിക്കുകയായിരുന്നു. ഓഫിസ് ബോയ്‌ ജോലി വാഗ്ദാനവുമായി എത്തിയ അയാൾക്ക് ലഭിച്ചത് കെട്ടിട നിർമ്മാണ കമ്പനിയിലെ ജോലിയായിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ തുച്ചമായ വേതനത്തിന് ജോലിചെയ്യേണ്ടിവന്നു അയാൾക്ക്. പലപ്രാവശ്യം തിരിച്ചുപോകുവാന്‍ ചിന്തിച്ചുവെങ്കിലും നാട്ടിലെ കടങ്ങളും പ്രാരാബ്ധങ്ങളും അയാളെ ഇവിടെ ബന്ധനസ്ഥനാക്കി. വീടിന്‍റെ കടം വീട്ടിക്കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോകാമെന്ന പ്രതീക്ഷയിലായരിന്നു അയാൾ. എന്നാൽ അതിനിടയിൽ സഹോദരിയുടെ വിവാഹം ശരിയായിവന്നു. പിന്നെ അതിനുള്ള നെട്ടോട്ടത്തിലായിരുന്നു. സഹോദരിയുടെ വിവാഹം തരക്കേടില്ലാത്ത രീതിയിൽ തന്നെ കഴിപ്പിച്ചുകൊടുക്കുകയും ചെയ്തു. ഇപ്പോൾ അതിന്റെ കടം വീട്ടാനുള്ള ശ്രമത്തിലാണ്.

വികാരധീനനായി അയാളെന്നോട് പറയുകയുണ്ടായി,

'എനിക്ക് 36 വയസ്സായി. ഏഴ് വർഷമായി ഞാനിവിടെയെത്തിച്ചേർന്നിട്ട്. ഇതുവരെയും നാട്ടിലേക്ക് പോകാൻ സാധിച്ചിട്ടില്ല. ജോലി സംബന്ധമായ ബുദ്ധിമുട്ടുകളൊന്നുമല്ല എന്നെ അലട്ടുന്നത്. അമ്മ, സഹോദരി, ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ, ഇവയൊക്കെയാണ് എന്‍റെ നൊമ്പരങ്ങൾ, വേദനകൾ.. വിവാഹം, കുടുബജീവിതം, ഇതൊക്കെ ഇനിയെനിക്കുണ്ടാകുമോ?എന്നിലെ പ്രതീക്ഷകളൊക്കെ അസ്തമിക്കുന്നത് പോലെ..'

ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ മിഴിനീർ കണങ്ങൾ അയാളുടെ കവിൾത്തടത്തിൽ ചാലുകൾ തീർക്കുകയായിർന്നു. അയാളുടെ സങ്കടങ്ങൾ ഇനിയും കേൾക്കുവാൻ ശേഷിയില്ലാതെ, ഞാനയാളോട് യാത്ര പറഞ്ഞു നടന്നകലുകയായിരുന്നു.

വർഷത്തിൽ ഒരിക്കലോ അതിൽ കൂടുതലോ തവണ നാട്ടിൽ പോയി, തിരിച്ചുവന്നയുടനെ പ്രവാസത്തെക്കുറിച്ചും ഗൃഹാതുരത്വത്തെ കുറിച്ചുമൊക്കെ പരിഭവിക്കുകയും വിലപിക്കുകയും ചെയ്യുന്ന ഞാനടക്കമുള്ളവരുടെ ജീവിതമല്ല യഥാർത്ഥ പ്രവാസം. വർഷങ്ങളോളം നാട്ടിൽ പോകാൻ കഴിയാതെ ശാരീരികവും മാനസികവും സാമ്പത്തികവുമായ വൈഷമ്യങ്ങളനുഭവിക്കുന്ന അനേകായിരംപേരുടെ ജീവിതം, അതാണ്‌ യഥാർത്ഥ പ്രവാസം, അവരാണ് യഥാർത്ഥ പ്രവാസികൾ..

Sunday, June 2, 2013

തീവണ്ടി

(ഫോട്ടോ കടപ്പാട്: ഗൂഗിൾ)

എന്നാണ് ആദ്യമായി തീവണ്ടിയില്‍ കയറിയതെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഞാന്‍ തീവണ്ടിയാത്ര ചെയ്യുന്നുണ്ട്. ഉമ്മയുടെ വീട് കാസർഗോഡ്‌ ജില്ലയിലും ഉപ്പയുടെത് കോഴിക്കോട് ജില്ലയിലുമായിരുന്നതിലാൽ തന്നെ യാത്രകളെല്ലാം തീവണ്ടി വഴിയായിരുന്നു. അതിരാവിലെ പുറപ്പെടുന്ന പരശുരാം എക്സ്പ്രസ്സിലായിരുന്നു ഞങ്ങളുടെ മിക്ക യാത്രകളും. ഉമ്മയോടും ഉപ്പയോടും സഹോദരങ്ങളോടുമൊത്ത് നടത്തിയ ആ യാത്രകള്‍ ഉല്ലാസഭരിതമായിരുന്നു. 

വിന്‍ഡോ സീറ്റിനായുള്ള അടിപിടികളോടെ ആരംഭിക്കുന്ന യാത്ര പതിയെ ആനന്ദപരതയിലെത്തും. പ്രകൃതിരമണീയമായ പ്രദേശത്ത് കൂടിയായിരിക്കും മിക്ക റെയില്‍ പാതകളും. മഴക്കാലത്തെ യാത്രകളായിരുന്നു ഏറ്റവും ഹൃദ്യം. ഗ്ലാസ് വിന്‍ഡോ ഷട്ടര്‍ ചെറിയൊരു വിടവ് ബാക്കിവെച്ചു താഴ്ത്തി, ആ വിടവിലൂടെ കൈകളിലെക്കും മുഖത്തേക്കും തെറിച്ചു വീഴുന്ന മഴത്തുള്ളികളുടെ നനവ്‌ നുകര്‍ന്നും പാതയോരങ്ങളിലെ പ്രകൃതി സൌന്ദര്യം ആസ്വദിച്ചും ചെയ്ത യാത്രയുടെ ഓര്‍മ്മകള്‍ ഇന്നും ഹൃദയത്തില്‍ കുളിര്‍മഴ പെയ്യിക്കുന്നു. പരശുരാം എക്സ്പ്രസ്സിലെ ഒരു പ്രത്യേകതയായിരുന്നു പാന്‍ട്രി കോച്ച്. പുതിയതും സ്വാദേറിയാതുമായ വിഭവങ്ങള്‍ അതില്‍ ലഭ്യമായിരുന്നു. ഇന്നീ സൗകര്യം ഉണ്ടോ എന്നറിയില്ല. കുറച്ചു വൈകി യാത്ര ചെയ്യുവാന്‍ ഉമ്മയും ഉപ്പയും തീരുമാനമെടുക്കുമ്പോള്‍ ഞങ്ങള്‍ പരശുറാം എക്സ്പ്രസ്സില്‍ തന്നെ പോകണമെന്ന് വാശി പിടിക്കും, അതില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കഴിക്കുവാന്‍ വേണ്ടി.

പിന്നീട് എന്റെ കുടുംബം പയ്യോളിയില്‍ സ്ഥിരതാമാസമാക്കിയെങ്കിലും ഞാന്‍ ഉമ്മയുടെ തറവാട്ടിൽ തന്നെ തുടർന്നു. പയ്യോളിയിലെക്കുള്ള എന്റെ കുടുംബ സന്ദർശന യാത്രകൾ ഏറെയും തീവണ്ടി വഴി തന്നെയായിരന്നു. വായനയും ഏകാന്തതയും ഒരുപാടിഷ്ടപ്പെട്ട യാത്രകള്‍. ഒരുകാലത്ത് വിൻഡോ സീറ്റുകൾക്ക് വേണ്ടി ശണ്‌ഠ കൂടിയിരുന്ന എനിക്ക് പിന്നീട് ഇരിപ്പിടങ്ങളോടെ താൽപര്യമില്ലാതായി. തീവണ്ടി വാതിലിന്റെ ചവിട്ടുപടികളായിരന്നു എന്റെ ഇരിപ്പിടം. വണ്ടിയുടെ വേഗതക്കനുസരിച്ചു ആഞ്ഞുവീശുന്ന കാറ്റില്‍ ലയിച്ച് കാല്‍പനികതയുടെ ലോകത്ത് അഭിരമിക്കുകയായിരുന്നു ആ യാത്രകളില്‍.

പിന്നീട് ജോലിയാവശ്യാര്‍ത്ഥമുള്ള യാത്രകൾക്കായി ഒരു സീസണ്‍ ടിക്കറ്റുകാരനായി. ഒത്തിരി സൗഹൃദങ്ങൾ സമ്മാനിച്ച, ജീവിത യാഥാർത്യങ്ങൾ അനുഭവിച്ച യാത്രകൾ. ഞാന്‍, എന്റെ കുടുംബം എന്നീ സങ്കുചിത മനോഭാവങ്ങളില്‍ നിന്നും വിശാല കാഴ്ചപ്പാടുകളിലേക്ക് മാനസിക പരിവര്‍ത്തനം സാദ്ധ്യമായത് ഈ കാലഘട്ടത്തിലെ തീവണ്ടിയാത്രകളിലായിരുന്നു. വിവിധ ജീവിതരീതികള്‍ സംഗമിക്കുന്ന വേദിയാണ് തീവണ്ടികള്‍. യാത്രയ്ക്കിടയില്‍ വണ്ടിക്കകത്തും പുറത്തുമായി മിഴിപ്പെടുന്ന ജീവിതക്കാഴ്ചകള്‍ നമ്മെക്കുറിച്ച് തന്നെ ഒരു പരിചിന്തനത്തിന് വിധേയരാക്കും.

ഇത്തരം യാത്രകള്‍ക്കിടയിലാണ് കടല്‍ കടന്ന് എന്നെത്തേടി വിസയെത്തിയത്, നോവുണര്‍ത്തുന്ന ഓര്‍മ്മകളുടെ തീരത്തേക്കുള്ള യാത്രക്കായി..

Saturday, June 1, 2013

ഓര്‍മ്മകളിലെ മഴക്കാലം


നാട്ടില്‍ മഴയുടെ ആരവങ്ങള്‍ ഉയരുകയാണ്. ഇവിടെ മണലാരണ്യം വേനല്‍ച്ചൂടിന്റെ പിടിയിലമാരുകയാണ്.വെന്തുരുകുന്ന മനസ്സും ശരീരവുമായി മഴയുടെ ആരവങ്ങള്‍ നൊമ്പരമായി മനസ്സില്‍ സൂക്ഷിക്കാന്‍ മാത്രം വിധിക്കപ്പെട്ടു കഴിയുന്നു, പ്രവാസി. നൊമ്പരങ്ങള്‍ നിറഞ്ഞതെങ്കിലും മനസ്സിന് കുളിരേകുന്നത് നനുത്ത മഴക്കാല ഓര്‍മ്മകളാണ്.

മഴയുടെ വര്‍ണ്ണനകള്‍ അനേകങ്ങളാണ്. മഴ പ്രണയമാണ്, ദുഖമാണ്, ആനന്ദാതിരേകമാണ്, ഓര്‍മ്മകളാണ്, സാന്ത്വനമാണ്. പക്ഷെ, എനിക്കേറ്റവും പ്രിയം ബാല്യകാല മഴക്കാലമായിരുന്നു. അതിന്റെ ഓര്‍മ്മകള്‍ കൊണ്ടുപോകുന്നത് വേനലവധി കഴിഞ്ഞു സ്കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസത്തിലേക്കാണ്. സ്കൂളിലേക്ക് പോകാനായി പ്രഭാത ഭക്ഷണമൊരുക്കി ഉമ്മയുടെ വിളി വരും: "മോനെ, വേഗം വന്നു ഭക്ഷണം കഴിക്കു, സ്കൂളില്‍ ഇപ്പൊ ബെല്ലടിക്കും". എന്നാല്‍ ഇതിനൊന്നും ചെവി കൊടുക്കാതെ സ്കൂളില്‍ പോകുന്നില്ല' എന്ന് വാശി പിടിച്ചു ഞാന്‍ കരഞ്ഞു കൊണ്ടേയിരിക്കും. അപ്പോഴും ഉമ്മയുടെ ലക്‌ഷ്യം സ്കൂളില്‍ പോകുന്നതിനു മുമ്പ് എന്തെങ്കിലും എന്റെ വയറ്റിലെത്തിക്കുക എന്നായിരിക്കും. ഭക്ഷണപാത്രം തട്ടി മാറ്റി എത്ര വാശി പിടിച്ചാലും "എന്തെങ്കിലും കഴിക്കു മോനെ" എന്ന് മാത്രമായിരിക്കും ഉമ്മയുടെ അപേക്ഷ. അവസാനം ഉമ്മയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി വല്ലതും കഴിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സ്കൂളിലേക്ക് യാത്രയാകും.


രണ്ടു മാസം അവധിക്കാലം കളിച്ചു രസിച്ചു നടന്നതിന്റെ ആനന്ദം വിട്ടു മാറുന്നതിനു മുന്നേ പാഠപുസ്തകങ്ങള്‍ പേറുന്നത്തിന്റെ വിഷാദമായിരിക്കും മനസ്സ് മുഴുവന്‍. എന്നാല്‍ സ്കൂളിലേക്കുള്ള യാത്രാമധ്യേ തന്നെ എല്ലാ സങ്കടങ്ങളും മായ്ച്ചു കളയത്തക്ക വണ്ണം കര്‍ക്കടക മാസത്തിന്റെ വരവറിയിച്ചു കൊണ്ട്, അദ്ധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനങ്ങളില്‍ പെയ്യുന്ന മഴയെത്തും. കാറ്റും കോളുമായി തിമിര്‍ത്തു പെയ്യുന്ന പെരുമഴയത്ത് ബാഗും തൂക്കി കുടയും ചൂടി സുഹൃത്തുക്കളുടെ കൂടെയുള്ള ആ യാത്രയുടെ ഓര്‍മ്മകള്‍ മനസ്സില്‍ ഇന്നും പെരുമഴ പെയ്യിക്കുന്നു. ഇന്നത്തെ പോലെ വൈവിധ്യമാര്‍ന്ന കുടകള്‍ അന്നുണ്ടായിരുന്നില്ല. മുതിര്‍ന്നവര്‍ക്ക് നീളന്‍ കുടകളും ചെറിയവര്‍ക്ക് അല്പം നീളം കുറഞ്ഞ കുടകളും. ഗള്‍ഫില്‍ നിന്നും കുടുംബത്തിലുള്ള ആരെങ്കിലും വരുമ്പോള്‍ കൊണ്ടുവരുന്ന "ഞെക്കിയാല്‍ തുറക്കുന്ന" കുടയായിരുന്നു അക്കാലത്തെ പുത്തന്‍ കുട. വീട്ടില്‍ ഒന്നോ രണ്ടോ മാത്രമേ അത്തരം കുടകള്‍ ഉണ്ടാകുമായിരിന്നുള്ളൂ. അത് കൈക്കലാക്കാന്‍ സഹോദരങ്ങളുമായി വഴക്ക് കൂടേണ്ടി വന്നിട്ടുണ്ട്. ആ കുടയും ചൂടി ഗള്‍ഫ്‌കാരന്റെ വീര്യത്തോടെ ഗമയില്‍ കുടയില്‍ പതിയുന്ന മഴത്തുള്ളികളുടെ സംഗീതം നുകര്‍ന്ന്‍ നടക്കും.

വഴിയോരങ്ങളില്‍ തളം കെട്ടി നില്‍ക്കുന്ന മഴവെള്ളമായിരുന്നു എല്ലായ്പ്പോഴും ഹരം. അതിലേക്കു ചാടിയും സുഹൃത്തുക്കളുടെ ദേഹത്തിലേക്കു കാല്‍ കൊണ്ട് ചെളിവെള്ളം തട്ടിത്തെറിപ്പിച്ചും കുടയുടെ മുകളില്‍ പതിയുന്ന മഴത്തുള്ളികളെ വീശി തെറിപ്പിച്ചും കുശുമ്പ് കാട്ടിയുമുള്ള രംഗങ്ങള്‍ നിറഞ്ഞ നനവാര്‍ന്ന ഓര്‍മ്മകള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു. മനുഷ്യായുസ്സിലെ ഏറ്റവും സുന്ദരമായ ആ കാലഘട്ടം തിരിച്ചു കിട്ടിയിരുന്നുവെങ്കില്‍ എന്ന് മനസ്സ് വെമ്പല്‍ കൊള്ളുകയാണ്.

വാരാന്ത്യ ഒഴിവു ദിനങ്ങളിലായിരുന്നു മഴ ഏറ്റവും കൂടുതല്‍ ആസ്വദിച്ചിരുന്നത്. മഴയുടെ ആഗമനം അറിയിച്ചു കൊണ്ട് കാര്‍മേഘങ്ങളാല്‍ മാനം ഇരുണ്ടുകൂടുമ്പോള്‍ തന്നെ മനസ്സില്‍ പെരുമഴയുടെ അലയടികള്‍ പ്രതിധ്വനിക്കാന്‍ തുടങ്ങും. അകലെ നിന്നും മഴയുടെ ആരവം കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചു കൊണ്ട് വീട്ടില്‍ നിന്നും തൊടിയിലേക്ക് ഓടും. പിറകില്‍ നിന്നുമുള്ള ഉമ്മയുടെ ശകാരത്തിനു ചെവികൊടുക്കാതെ കുതിച്ചുപായും. ഇരമ്പിയാര്‍ത്തുള്ള മഴയുടെ വരവോടെ ആഘോഷങ്ങളുടെ പ്രാരംഭമായി. തിമിര്‍ത്തു പെയ്യുന്ന മഴയില്‍ തൊടിയും വീട്ടിനു തൊട്ടുരുമ്മി നില്‍ക്കുന്ന വഴിയോരവും ഒരു ചെറു തോടായി മാറും. അതില്‍ നൃത്തം ചവിട്ടിയും, കടലാസുതോണി ഒഴുക്കിയും വെള്ളത്തില്‍ ഒഴുകി നടക്കുന്ന പരല്‍ മീനുകളെ പിടിച്ചും കളിച്ചുല്ലസിച്ച മഴക്കാല ഓര്‍മ്മകള്‍ മനസ്സിനെ കോരിത്തരിപ്പിക്കുന്ന നൊമ്പരമാകുന്നു..

രാത്രിയാകുമ്പോള്‍ ഇതിന്റെയെല്ലാം ഫലമെന്നോണം ജലദോഷവും പനിയും പിടികൂടും. അപ്പോള്‍ ഉമ്മ പറയുന്നുണ്ടാകും, "ഞാനപ്പഴേ പറഞ്ഞതാ.. മഴയത്ത് പോയി കളിക്കേണ്ട.. പനിപിടിക്കുമെന്നു".. എങ്കിലും ഉമ്മയുടെ സ്നേഹാര്‍ദ്രമായ കൈകള്‍ കൊണ്ടുടാക്കിയ ചൂടുള്ള കഞ്ഞിയും ചെറുനാരങ്ങാ നീരും കഴിച്ച് തിമിര്‍ത്തു പെയ്യുന്ന മഴയുടെ താളവും ആസ്വദിച്ചുകൊണ്ട് കമ്പിളിപ്പുതപ്പിലേക്ക് ചുരുണ്ടുകൂടിയുള്ള മയക്കം വല്ലാത്തൊരു അനുഭൂതി തന്നെയായിരുന്നു..

മഴക്കാല ഓര്‍മ്മകളുടെ ദിവ്യാനുഭൂതി പോലെ തന്നെ ലഭിച്ച വരപ്രസാദമായിരുന്നു ഉമ്മയുടെ വാത്സല്യം നിറഞ്ഞ ശകാരവും. ആ സമയത്ത് അത് ഒരു നീരസമായി തോന്നിയിരുന്നുവെങ്കിലും, ഇന്നതോര്‍ക്കുമ്പോള്‍ ഉമ്മയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആഴം മനസ്സിലാക്കാന്‍ സാധിക്കുന്നു.

ജീവിതയാത്രയില്‍ മാതാവിന്റെ സ്നേഹവും വാത്സല്യം നിറഞ്ഞ കൈവലയം ഏറ്റവും വലിയ സുരക്ഷാ കവചം തന്നെയാണ്.

Thursday, May 30, 2013

ചില മദ്ധ്യ വേനലവധിക്കാല ഓർമ്മകൾ


മധ്യ വേനലവധിക്കാല ഓർമ്മകൾ മനസ്സിലേക്ക് തഴുകി വരുമ്പോൾ ആദ്യമായി കടന്നു വരുന്ന രംഗം സ്കൂൾ വാർഷിക പരീക്ഷയുടെ അവസാന ദിനമാണ്. പരീക്ഷാ പിരിമുറക്കങ്ങളുടെ നാളുകളോട് വിട പറയുന്നതിന്റെ ആഹ്ലാദവുമായി വീട്ടില് നിന്നും 'ഹീറോ' പേനയിൽ ചെൽപാർക്ക്‌ മഷിക്കുപ്പിയിൽ നിന്നും മഷി നിറച്ച്, പുസ്തകവുമേന്തി സ്കൂളിലേക്ക് യാത്രയാകും.

പരീക്ഷ തുടങ്ങിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് എഴുതിത്തീർക്കുവാനുള്ള വെപ്രാളത്തിലായിരിക്കും. അവസാന പരീക്ഷയുടെ അവസാന ചോദ്യത്തിന് ഉത്തരം എഴുതി, ഉത്തരക്കടലാസിൽ ബാക്കി വന്ന വരികളിൽ നെടുങ്ങനെ ഒരു വരയുമിട്ട്, അക്ഷമനായി കാതോർത്തിരിക്കും, സമയപരിധി കഴിഞ്ഞതറിയിച്ചുള്ള മണിയടിശബ്ദത്തിനായി. കാത്തിരിപ്പിന് വിരാമം കുറിച്ച് മുഴങ്ങുന്ന മണിയടിശബ്ദം മനസ്സിൽ ആനന്ദത്തിന്റെ അലയടികൾ സൃഷ്ടിക്കുകയായി. ഉത്തരക്കടലാസുകൾ നൂലിൽ കോർത്ത്‌ അദ്ധ്യാപകനെ ഏൽപ്പിച്ച്, ക്ലാസ്സ്മുറി കവാടത്തിനടുത്ത് ഒതുക്കിവെച്ചിരുന്ന പുസ്തകങ്ങളുമെടുത്ത്, കൂട്ടുകാരുമൊത്ത് വീട്ടിലേക്കുള്ള ഓട്ടം, അതിന്റെ ഹരം അവാച്യമാണ്.

വീട്ടിലെത്തി പുസ്തകക്കെട്ട് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ്, അടുക്കളയിലേക്ക് ഓടും, ചായകുടിക്കാനായി. അക്ഷമനായി, പെട്ടെന്ന് ചായ ലഭിക്കുവനായി ഉമ്മയുമായി കുശുമ്പുകൂടി, അത് ഒറ്റവലിക്ക് കുടിച്ചുതീർത്ത്, പലഹാരങ്ങൾ കഴിക്കുവാനുള്ള ഉമ്മയുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ, കളിമൈതാനം ലക്ഷ്യമാക്കി കുതിക്കും. അവിടെ അതിരുകളില്ലാത്ത ആനന്ദലഹരിയില്‍, സ്വാതന്ത്ര്യത്തിന്റെ, ആഹ്ലാദത്തിന്റെ ചിറകുകള്‍ വിടര്‍ത്തി പറന്നു നടന്ന് ആര്‍ത്തുല്ലസിച്ച നാളുകള്‍..

കള്ളനും പോലീസും കളിച്ചും, സൈക്കിൾ ടയറുരുട്ടിയും, ഗോലി കളിച്ചും, കുട്ടിയും കോലും കളിച്ചും, കൂട്ടുകാരുമായി കശപിശ കൂടിയും പകലന്തിയോളം  ഉല്ലസിച്ച നാളുകൾ. കുറച്ചു വലുതായപ്പോള്‍ അത് ക്രിക്കറ്റിലേക്കും ഫുട്ബോളിലേക്കും മറ്റുമായി മാറി.

ആരാന്റെ പറമ്പിലെ മാങ്ങ എറിഞ്ഞു വീഴ്ത്തിയും കശുമാങ്ങ പറിച്ചും, അതിന്റെ ഉടമസ്ഥരുടെ ദേഷ്യപ്പെടൽ കേട്ട് കുതറിയോടിയപ്പോൾ വരമ്പുകൾ തടഞ്ഞു വീണ് പരിക്കുപറ്റി കാൽമുട്ടുളിൽ നിന്നും കൈമുട്ടുകളിൽ നിന്നും പൊടിയുന്ന രക്തം വകവെക്കാതെ, മുറിവുകളിലൂടെ മാങ്ങാനീരൊലിപ്പിച്ച് മാമ്പഴമധുരം നുണഞ്ഞു രസിച്ച കാലം.. പച്ചമാങ്ങയണ്ടി വിരലുകൾ കൊണ്ട് തെറുപ്പിച്ച് ആണോ പെണ്ണോ കളിച്ച നാളുകൾ..

അങ്ങനെയങ്ങനെ പോകുന്നു അവധിക്കാല ആഘോഷങ്ങളുടെ ഓർമ്മകൾ..

രണ്ടുമാസം ഇങ്ങനെ കളിച്ചുല്ലസിച്ചു നടന്നതിന്റെ ആനന്ദത്തിനു പര്യവസാനമെന്നോണം വീണ്ടും വന്നെത്തും, ബാഗും തൂക്കി, മടിപിടിച്ച് സ്കൂളിലേക്കുള്ള യാത്രയുടെ നാളുകള്‍, അവധിക്കാല സ്വാതന്ത്ര്യം മതിവരുവോളം നുകരാന്‍ കഴിയാത്തതിന്റെ സങ്കടങ്ങളുമായി..  

പിന്നെ കാത്തിരിപ്പായി, അടുത്ത ഓണക്കാല അവധി ദിനങ്ങള്‍ക്കായി..

ഇത്തരം വിനോദങ്ങളും ആഘോഷങ്ങളും ഇന്നത്തെ കുട്ടികള്‍ അനുഭവിക്കുന്നുണ്ടോ.. അവര്‍ പ്ലേസ്റ്റെഷനുകളുടെയും കമ്പ്യൂട്ടര്‍ ഗെയ്മുകളുടെയും, ഇടുങ്ങിയ വിനോദങ്ങളില്‍ തളച്ചിടപ്പെടുകയല്ലേ?!

Sunday, May 26, 2013

ചില പ്രവാസ ചിന്തകള്‍

പ്രവാസി പ്രയാസിയാണ്,കറവപ്പശുവാണ് തുടങ്ങിയ മനംമടുപ്പിക്കുന്ന വിലാപക്കാഴ്ച്കകളുടെ ആധിക്യത്തിലുരിത്തിരിഞ്ഞ വിരോധക്കുറിപ്പ്:

ആറു വര്‍ഷമായി തുടരുന്ന എന്റെ പ്രവാസ ജീവിതാനുഭവത്തില്‍ ഇങ്ങനെയൊരു വികാരം ഉളവാക്കിയിട്ടില്ല, ഒരിക്കലും. വീട്ടു ചിലവിനായുള്ള പണം അയച്ചു കൊടുക്കുമ്പോൾ ഉമ്മാനോട് ഞാൻ പറയാറുണ്ട്, ഉമ്മാക്ക് ആവശ്യമുള്ളത് അതിൽ നിന്നെടുക്കാൻ. അപ്പോൾ ഉമ്മ പറയും, ഇപ്പോൾ വേണ്ട, പിന്നെയെടുക്കാം.. ആ പിന്നെ ആറ് വർഷമായി ഇന്നും തുടരുന്നു. എന്റെ ഭാര്യക്കും കുട്ടികൾക്കുമുള്ള പണം മാത്രം ബാങ്കിൽ നിന്നും പിൻവലിക്കുകയും ചെയ്യും. കുടുംബത്തിലോ നാട്ടിലോ സഹായമർഹതപ്പെട്ടവരുടെ വല്ല ചടങ്ങുകളോ മറ്റോ ഉണ്ടാകുമ്പോഴും ഞാൻ ഉമ്മാനോട് എന്റെ വകയായി എന്തെങ്കിലും നല്കാൻ പറയും, അപ്പോൾ ഉമ്മയുടെ മറുപടി, 'വേണ്ട മോനെ, നിന്റെ അവസ്ഥ നമുക്കറിയുന്നതല്ലേ, നീയിപ്പോൾ ഒന്നും നല്കേണ്ടതില്ല' എന്നായിരിക്കും. 
അവധിയെടുത്ത് നാട്ടിലേക്ക് യാത്രതിരിക്കാൻ നേരത്ത് ഉമ്മാമയെയും ഉമ്മയെയും സഹോദരങ്ങളെയും വിളിച്ച് എന്താ കൊണ്ട് വരേണ്ടത് എന്ന് ചോദിച്ചാൽ ലഭിക്കുന്ന മറുപടി, ഒന്നും വേണ്ട മോനെ, എല്ലാ സാധനങ്ങളും ഇവിടെ ലഭിക്കുന്നുണ്ടല്ലോ.. നീയിങ്ങൊട്ട് വന്നൊന്നു കണ്ടാൽ മതി എന്നായിരിക്കും.. ഇങ്ങനെയൊക്കെ എന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ വേർപിരിഞ്ഞു ജീവിക്കേണ്ടി വരുന്നല്ലോ എന്ന മനോവ്യഥ, അത് മാത്രമാണ്, അത് തന്നെയാണ് പ്രവാസത്തിന്റെ നോവും.

എന്നെക്കുറിച്ച് എന്റെ കുടുംബാംഗങ്ങൾക്കിടയിലുണ്ടായ ഈ തിരിച്ചറിവിന് കാരണം, എനിക്ക് ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം, ചിലവ് എന്നിവയെക്കുറിച്ചുള്ള ഒരു യഥാര്‍ത്ഥ ചിത്രം പ്രവാസ ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ അവരെ ബോധ്യപ്പെടുത്തിയത് കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. മിക്ക പ്രവാസികളും തങ്ങളുടെ ജീവിതാവസ്ഥ വീട്ടുകാരെ ബോധ്യപ്പെടുത്തുന്നില്ല. അത് കാരണം നമ്മുടെ വരുമാനത്തിൽ കവിഞ്ഞ ജീവിതനിലവാരമാണ് വീട്ടുകാർ അനുഭവിക്കുന്നത്. ഇത്തരം അവസ്ഥയിൽ ജീവിച്ച് കടത്തിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന ചിലരെ എനിക്ക് പരിചയമുണ്ട്.

പ്രവാസികൾ തങ്ങളുടെ വരുമാനം, ചിലവ് എന്നിവയെക്കുറിച്ചുള്ള ഒരു യഥാർത്ഥ ചിത്രം വീട്ടുകാരെ തുടക്കത്തിൽ തന്നെ ബോദ്ധ്യപ്പെടുത്തണം. അല്ലാതെ ഗള്‍ഫ്കാരന്റെ പുറം മോടിയില്‍ അഭിരമിച്ച് പ്രവാസി പ്രയാസിയാണ്, കറവപ്പശുവാണ് എന്നൊക്കെ വിലപിച്ചിട്ടെന്ത് കാര്യം!

Saturday, May 25, 2013

പള്ളിക്കുളം


ചില ഓര്‍മ്മകള്‍ അങ്ങിനെയാണ്. സ്മൃതിപഥത്തെ അത് വലയം ചെയ്തു കൊണ്ടേയിരിക്കും. പ്രത്യേകിച്ച് നമുക്ക് അടുത്തറിയുന്നവരുടെ ജീവിത സാംഭവ്യങ്ങള്‍. അത് ചിലപ്പോള്‍ ശുഭോദര്‍ക്കമായതായിരിക്കാം അല്ലെങ്കിൽ ദുഃഖപര്യവസായിയായതായിരിക്കും.
നമ്മുടെ ഗ്രാമത്തിലെ പള്ളിക്കുളവുമായി ബന്ധപ്പെട്ട ഒരുപാട് അനുഭവങ്ങൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ശുഭോദര്‍ക്കമായ സംഭവത്തിലുപരി എന്റെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും ഹൃദയത്തില്‍ ഒരു തേങ്ങല്‍ ബാക്കിയാക്കി വിട്ടു പിരിഞ്ഞ എന്റെ കൊച്ചനുജത്തിയുടെ ഓര്‍മ്മകള്‍ സ്മൃതിപഥത്തില്‍ ഇന്നും കണ്ണുനീര്‍ പെയ്യിച്ചുകൊണ്ടിരിക്കുന്നു. ഒരു ശുഭോദര്‍ക്കമായ സ്മരണയിലേക്ക് കടക്കാം.
 
ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിലുണ്ടായ ഒരു നിര്‍ണായക സംഭവം ഇന്നും സ്മൃതിപഥത്തില്‍ മായാതെ നില്‍ക്കുന്നു. എന്റെ ജീവിതത്തിലെ നല്ല നാളുകള്‍ സമ്മാനിച്ച  ജന്മ നാട്ടില്‍ തന്നെയായിരുന്നു എന്റെ സ്കൂള്‍ കാലഘട്ടം. എന്റെ വീടും സ്കൂളും തമ്മില്‍ ദൃശ്യാന്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീര്‍ത്തും ഗ്രാമീണാന്തരീക്ഷമുള്ള കായലും വയലുകളും തോടുകളും കൊണ്ട് സമ്പന്നമായ ഒരു പ്രദേശമായിരുന്നു ഞങ്ങളുടേത്.(ഇപ്പോള്‍ അതൊരു ഓര്‍മ്മ മാത്രം!) ഒരു ദിവസം, ക്ലാസിന്റെ ഇടവേളയില്‍ വെളിയില്‍ കടന്നപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും നാടുക്കാരും കൂട്ട നിലവിളിയോടെ സ്കൂളിന്റെ പരിസരത്തുള്ള പള്ളിക്കുളം ലക്ഷ്യം വെച്ചോടുകയാണ് . എന്താണവിടെ സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷയില്‍ ഞാനും ഓടി. ആരോ വിളിച്ചു പറയുന്നു ണ്ടായിരുന്നു. 'ഒരു കുട്ടി പള്ളിക്കുളത്തില്‍ വീണു'. അത് കേട്ടപാടെ മനസ്സ് പ്രക്ഷുബ്ധമായി. ആരായിരുക്കും എന്നാ ആധിയായിരുന്നു മനസ്സ് മുഴുവന്‍. പള്ളിക്കുളം ലക്ഷ്യം വെച്ച് ഞാനും ഓടി. കുളത്തിന് ചുറ്റും ജനക്കൂട്ടമായിരുന്നു. ആള്‍ത്തിരക്കിനിടയിലൂടെ ഒരു വിധം നുഴഞ്ഞു മുന്‍ നിരയിലെത്തി. എല്ലാവര്‍ക്കും നിരാശയുടെ മുഖഭാവം. കുളത്തിലേക്കു വീണ കുട്ടിയെ കാണ്മാനില്ല. അപ്പോഴാണ്‌ കുളത്തിന്റെ മധ്യഭാഗത്തു നിന്നും ഒരനക്കം. എല്ലാവരും പകച്ചു നില്‍ക്കെ. നമ്മുടെ മദ്രസാ അധ്യാപകനായ ആ പുണ്യ മനസ്സിന്നുടമ പള്ളിക്കുളത്തിലേക്കെടുത്തു ചാടി. പിറകെ കുറേ പേരും. നിമിഷങ്ങള്‍ക്കകം അവര്‍ കുട്ടിയെയുമെടുത്ത് പള്ളിക്കുളത്തിന്റെ കര കയറി. അപ്പോഴാണ്‌ ആ മുഖം ശ്രദ്ധിച്ചത്. അത് മൂന്നാം ക്ലാസിലെ തന്നെ വേറൊരു ഡിവിഷനിലെ നമ്മുടെയെല്ലാം സുഹ്രുത്തയിരുന്നു. അവനെ ഒരു ഭാഗത്ത്‌ കിടത്തി കുറെപേര്‍കൂടി അവന്റെ ഉദരത്തില്‍ ശക്തിയായി അമര്‍ത്തിക്കൊണ്ടിരുന്നു. അന്ന് ഉത്ക്കണ്ഠയായിരുന്നു, എന്തിനാണിങ്ങനെ ഉദരത്തില്‍ അമർത്തുന്നതെന്ന്.  അമർത്തുന്നതിനനുസരിച്ച് അവന്റെ വായിലൂടെ വെള്ളം പുറത്തേക്കു വന്നു കൊണ്ടിരുന്നു. അന്നാദ്യമായി ഇത്തരം പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള അറിവു കിട്ടി. അപ്പോഴെക്കും അവനെ കൊണ്ടു പോകാനുള്ള വാഹനമെത്തിയിരുന്നു. പിന്നീട് അവന്റെ ആരോഗ്യസ്ഥിതി അറിയുന്നതു വരെ മനസ്സിന് അസ്വസ്ഥതയായിരുന്നു. പിന്നീടറിഞ്ഞു, ആ സുഹൃത്ത് അപകട നില തരണം ചെയ്തു സുഖം പ്രാപിച്ചെന്ന്. ആ ശുഭോദര്‍ക്കമായ വാര്‍ത്തയറിഞ്ഞപ്പോള്‍ മനസ്സില്‍ എരിഞ്ഞുകൊണ്ടിരുന്ന ഒരു തീക്കനല്‍ ഒന്നു കെട്ടടങ്ങിയതു പോലെയായിരുന്നു. അതിനു ശേഷം ഞാനും ആ പ്രിയ സുഹ്രുത്തും പ്രീഡിഗ്രിവരെ ഒന്നിച്ചു  പഠിച്ചു. ഇപ്പോള്‍ വിവാഹവും കഴിഞ്ഞു കുടുംബസമേതം ആഹ്ലാദഭരിതമായ ജീവിതം നയിക്കുന്നു.
ഞങ്ങള്‍ എപ്പോഴും പങ്കു വെയ്ക്കറുള്ള ഒരു രസകരമായ ഒരു കാര്യവും ഇതിനോടനുബന്ധിച്ചുണ്ട്.. അതു വരെ മെലിഞ്ഞ ശരീരപ്രക്രിതിയുണ്ടായിരുന്ന അവന്‍ പള്ളിക്കുളത്തില്‍ വീണതില്‍ പിന്നെ തടിച്ചു തുടങ്ങി.. ഇന്നും ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഉയരവും തടിയും കൂടിയ സുഹ്രുത്തും അവന്‍ തന്നെ..:-)