മധ്യ വേനലവധിക്കാല ഓർമ്മകൾ മനസ്സിലേക്ക് തഴുകി വരുമ്പോൾ ആദ്യമായി കടന്നു വരുന്ന രംഗം സ്കൂൾ വാർഷിക പരീക്ഷയുടെ അവസാന ദിനമാണ്. പരീക്ഷാ പിരിമുറക്കങ്ങളുടെ നാളുകളോട് വിട പറയുന്നതിന്റെ ആഹ്ലാദവുമായി വീട്ടില് നിന്നും 'ഹീറോ' പേനയിൽ ചെൽപാർക്ക് മഷിക്കുപ്പിയിൽ നിന്നും മഷി നിറച്ച്, പുസ്തകവുമേന്തി സ്കൂളിലേക്ക് യാത്രയാകും.
പരീക്ഷ തുടങ്ങിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് എഴുതിത്തീർക്കുവാനുള്ള വെപ്രാളത്തിലായിരിക്കും. അവസാന പരീക്ഷയുടെ അവസാന ചോദ്യത്തിന് ഉത്തരം എഴുതി, ഉത്തരക്കടലാസിൽ ബാക്കി വന്ന വരികളിൽ നെടുങ്ങനെ ഒരു വരയുമിട്ട്, അക്ഷമനായി കാതോർത്തിരിക്കും, സമയപരിധി കഴിഞ്ഞതറിയിച്ചുള്ള മണിയടിശബ്ദത്തിനായി. കാത്തിരിപ്പിന് വിരാമം കുറിച്ച് മുഴങ്ങുന്ന മണിയടിശബ്ദം മനസ്സിൽ ആനന്ദത്തിന്റെ അലയടികൾ സൃഷ്ടിക്കുകയായി. ഉത്തരക്കടലാസു കൾ നൂലിൽ കോർത്ത് അദ്ധ്യാപകനെ ഏൽപ്പിച്ച്, ക്ലാസ്സ്മുറി കവാടത്തിനടുത്ത് ഒതുക്കിവെച്ചിരുന്ന പുസ്തകങ്ങളുമെടുത്ത്, കൂട്ടുകാരുമൊത്ത് വീട്ടിലേക്കുള്ള ഓട്ടം, അതിന്റെ ഹരം അവാച്യമാണ്.
വീട്ടിലെത്തി പുസ്തകക്കെട്ട് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ്, അടുക്കളയിലേക്ക് ഓടും, ചായകുടിക്കാനായി. അക്ഷമനായി, പെട്ടെന്ന് ചായ ലഭിക്കുവനായി ഉമ്മയുമായി കുശുമ്പുകൂടി, അത് ഒറ്റവലിക്ക് കുടിച്ചുതീർത്ത്, പലഹാരങ്ങൾ കഴിക്കുവാനുള്ള ഉമ്മയുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ, കളിമൈതാനം ലക്ഷ്യമാക്കി കുതിക്കും. അവിടെ അതിരുകളില്ലാത്ത ആനന്ദലഹരിയില്‍, സ്വാതന്ത്ര്യത്തിന്റെ, ആഹ്ലാദത്തിന്റെ ചിറകുകള്‍ വിടര്‍ത്തി പറന്നു നടന്ന് ആര്‍ത്തുല്ലസിച്ച നാളുകള്‍..
കള്ളനും പോലീസും കളിച്ചും, സൈക്കിൾ ടയറുരുട്ടിയും, ഗോലി കളിച്ചും, കുട്ടിയും കോലും കളിച്ചും, കൂട്ടുകാരുമായി കശപിശ കൂടിയും പകലന്തിയോളം ഉല്ലസിച്ച നാളുകൾ. കുറച്ചു വലുതായപ്പോള്‍ അത് ക്രിക്കറ്റിലേക്കും ഫുട്ബോളിലേക്കും മറ്റുമായി മാറി.
ആരാന്റെ പറമ്പിലെ മാങ്ങ എറിഞ്ഞു വീഴ്ത്തിയും കശുമാങ്ങ പറിച്ചും, അതിന്റെ ഉടമസ്ഥരുടെ ദേഷ്യപ്പെടൽ കേട്ട് കുതറിയോടിയപ്പോൾ വരമ്പുകൾ തടഞ്ഞു വീണ് പരിക്കുപറ്റി കാൽമുട്ടുളിൽ നിന്നും കൈമുട്ടുകളിൽ നിന്നും പൊടിയുന്ന രക്തം വകവെക്കാതെ, മുറിവുകളിലൂടെ മാങ്ങാനീരൊലിപ്പിച്ച് മാമ്പഴമധുരം നുണഞ്ഞു രസിച്ച കാലം.. പച്ചമാങ്ങയണ്ടി വിരലുകൾ കൊണ്ട് തെറുപ്പിച്ച് ആണോ പെണ്ണോ കളിച്ച നാളുകൾ..
അങ്ങനെയങ്ങനെ പോകുന്നു അവധിക്കാല ആഘോഷങ്ങളുടെ ഓർമ്മകൾ..
രണ്ടുമാസം ഇങ്ങനെ കളിച്ചുല്ലസിച്ചു നടന്നതിന്റെ ആനന്ദത്തിനു പര്യവസാനമെന്നോണം വീണ്ടും വന്നെത്തും, ബാഗും തൂക്കി, മടിപിടിച്ച് സ്കൂളിലേക്കുള്ള യാത്രയുടെ നാളുകള്‍, അവധിക്കാല സ്വാതന്ത്ര്യം മതിവരുവോളം നുകരാന്‍ കഴിയാത്തതിന്റെ സങ്കടങ്ങളുമായി..
രണ്ടുമാസം ഇങ്ങനെ കളിച്ചുല്ലസിച്ചു നടന്നതിന്റെ ആനന്ദത്തിനു പര്യവസാനമെന്നോണം വീണ്ടും വന്നെത്തും, ബാഗും തൂക്കി, മടിപിടിച്ച് സ്കൂളിലേക്കുള്ള യാത്രയുടെ നാളുകള്‍, അവധിക്കാല സ്വാതന്ത്ര്യം മതിവരുവോളം നുകരാന്‍ കഴിയാത്തതിന്റെ സങ്കടങ്ങളുമായി..
പിന്നെ കാത്തിരിപ്പായി, അടുത്ത ഓണക്കാല അവധി ദിനങ്ങള്‍ക്കായി..
ഇത്തരം വിനോദങ്ങളും ആഘോഷങ്ങളും ഇന്നത്തെ കുട്ടികള്‍ അനുഭവിക്കുന്നുണ്ടോ.. അവര്‍ പ്ലേസ്റ്റെഷനുകളുടെയും കമ്പ്യൂട്ടര്‍ ഗെയ്മുകളുടെയും, ഇടുങ്ങിയ വിനോദങ്ങളില്‍ തളച്ചിടപ്പെടുകയല്ലേ?!

No comments:
Post a Comment