ചില ഓര്‍മ്മകള്‍ അങ്ങിനെയാണ്. സ്മൃതിപഥത്തെ അത് വലയം ചെയ്തു
കൊണ്ടേയിരിക്കും. പ്രത്യേകിച്ച് നമുക്ക് അടുത്തറിയുന്നവരുടെ ജീവിത
സാംഭവ്യങ്ങള്‍. അത് ചിലപ്പോള്‍ ശുഭോദര്‍ക്കമായതായിരിക്കാം അല്ലെങ്കിൽ
ദുഃഖപര്യവസായിയായതായിരിക്കും.
നമ്മുടെ ഗ്രാമത്തിലെ പള്ളിക്കുളവുമായി ബന്ധപ്പെട്ട ഒരുപാട് അനുഭവങ്ങൾ എന്റെ
ജീവിതത്തിലുണ്ടായിട്ടുണ്ട്. ശുഭോദര്‍ക്കമായ സംഭവത്തിലുപരി എന്റെയും
കുടുംബത്തിന്റെയും നാട്ടുകാരുടെയും ഹൃദയത്തില്‍ ഒരു തേങ്ങല്‍ ബാക്കിയാക്കി
വിട്ടു പിരിഞ്ഞ എന്റെ കൊച്ചനുജത്തിയുടെ ഓര്‍മ്മകള്‍ സ്മൃതിപഥത്തില്‍ ഇന്നും
കണ്ണുനീര്‍ പെയ്യിച്ചുകൊണ്ടിരിക്കുന്നു. ഒരു ശുഭോദര്‍ക്കമായ സ്മരണയിലേക്ക്
കടക്കാം.
ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്തിന്റെ
ജീവിതത്തിലുണ്ടായ ഒരു നിര്‍ണായക സംഭവം ഇന്നും സ്മൃതിപഥത്തില്‍ മായാതെ
നില്‍ക്കുന്നു. എന്റെ ജീവിതത്തിലെ നല്ല നാളുകള്‍ സമ്മാനിച്ച ജന്മ
നാട്ടില്‍ തന്നെയായിരുന്നു എന്റെ സ്കൂള്‍ കാലഘട്ടം. എന്റെ വീടും സ്കൂളും
തമ്മില്‍ ദൃശ്യാന്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീര്‍ത്തും
ഗ്രാമീണാന്തരീക്ഷമുള്ള കായലും വയലുകളും തോടുകളും കൊണ്ട് സമ്പന്നമായ ഒരു
പ്രദേശമായിരുന്നു ഞങ്ങളുടേത്.(ഇപ്പോള്‍ അതൊരു ഓര്‍മ്മ മാത്രം!) ഒരു ദിവസം,
ക്ലാസിന്റെ ഇടവേളയില്‍ വെളിയില്‍ കടന്നപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും
നാടുക്കാരും കൂട്ട നിലവിളിയോടെ സ്കൂളിന്റെ പരിസരത്തുള്ള പള്ളിക്കുളം
ലക്ഷ്യം വെച്ചോടുകയാണ് . എന്താണവിടെ സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷയില്‍
ഞാനും ഓടി. ആരോ വിളിച്ചു പറയുന്നു ണ്ടായിരുന്നു. 'ഒരു കുട്ടി
പള്ളിക്കുളത്തില്‍ വീണു'. അത് കേട്ടപാടെ മനസ്സ് പ്രക്ഷുബ്ധമായി.
ആരായിരുക്കും എന്നാ ആധിയായിരുന്നു മനസ്സ് മുഴുവന്‍. പള്ളിക്കുളം ലക്ഷ്യം
വെച്ച് ഞാനും ഓടി. കുളത്തിന് ചുറ്റും ജനക്കൂട്ടമായിരുന്നു.
ആള്‍ത്തിരക്കിനിടയിലൂടെ ഒരു വിധം നുഴഞ്ഞു മുന്‍ നിരയിലെത്തി.
എല്ലാവര്‍ക്കും നിരാശയുടെ മുഖഭാവം. കുളത്തിലേക്കു വീണ കുട്ടിയെ
കാണ്മാനില്ല. അപ്പോഴാണ് കുളത്തിന്റെ മധ്യഭാഗത്തു നിന്നും ഒരനക്കം.
എല്ലാവരും പകച്ചു നില്‍ക്കെ. നമ്മുടെ മദ്രസാ അധ്യാപകനായ ആ പുണ്യ
മനസ്സിന്നുടമ പള്ളിക്കുളത്തിലേക്കെടുത്തു ചാടി. പിറകെ കുറേ പേരും.
നിമിഷങ്ങള്‍ക്കകം അവര്‍ കുട്ടിയെയുമെടുത്ത് പള്ളിക്കുളത്തിന്റെ കര കയറി.
അപ്പോഴാണ് ആ മുഖം ശ്രദ്ധിച്ചത്. അത് മൂന്നാം ക്ലാസിലെ തന്നെ വേറൊരു
ഡിവിഷനിലെ നമ്മുടെയെല്ലാം സുഹ്രുത്തയിരുന്നു. അവനെ ഒരു ഭാഗത്ത് കിടത്തി
കുറെപേര്‍കൂടി അവന്റെ ഉദരത്തില്‍ ശക്തിയായി അമര്‍ത്തിക്കൊണ്ടിരുന്നു. അന്ന്
ഉത്ക്കണ്ഠയായിരുന്നു, എന്തിനാണിങ്ങനെ ഉദരത്തില്‍ അമർത്തുന്നതെന്ന്.
അമർത്തുന്നതിനനുസരിച്ച് അവന്റെ വായിലൂടെ വെള്ളം പുറത്തേക്കു വന്നു
കൊണ്ടിരുന്നു. അന്നാദ്യമായി ഇത്തരം പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള അറിവു
കിട്ടി. അപ്പോഴെക്കും അവനെ കൊണ്ടു പോകാനുള്ള വാഹനമെത്തിയിരുന്നു. പിന്നീട്
അവന്റെ ആരോഗ്യസ്ഥിതി അറിയുന്നതു വരെ മനസ്സിന് അസ്വസ്ഥതയായിരുന്നു.
പിന്നീടറിഞ്ഞു, ആ സുഹൃത്ത് അപകട നില തരണം ചെയ്തു സുഖം പ്രാപിച്ചെന്ന്. ആ
ശുഭോദര്‍ക്കമായ വാര്‍ത്തയറിഞ്ഞപ്പോള്‍ മനസ്സില്‍ എരിഞ്ഞുകൊണ്ടിരുന്ന ഒരു
തീക്കനല്‍ ഒന്നു കെട്ടടങ്ങിയതു പോലെയായിരുന്നു. അതിനു ശേഷം ഞാനും ആ പ്രിയ
സുഹ്രുത്തും പ്രീഡിഗ്രിവരെ ഒന്നിച്ചു പഠിച്ചു. ഇപ്പോള്‍ വിവാഹവും കഴിഞ്ഞു
കുടുംബസമേതം ആഹ്ലാദഭരിതമായ ജീവിതം നയിക്കുന്നു.
ഞങ്ങള്‍ എപ്പോഴും പങ്കു വെയ്ക്കറുള്ള ഒരു രസകരമായ ഒരു കാര്യവും
ഇതിനോടനുബന്ധിച്ചുണ്ട്.. അതു വരെ മെലിഞ്ഞ ശരീരപ്രക്രിതിയുണ്ടായിരുന്ന അവന്‍
പള്ളിക്കുളത്തില്‍ വീണതില്‍ പിന്നെ തടിച്ചു തുടങ്ങി.. ഇന്നും ഞങ്ങളുടെ
കൂട്ടത്തിലെ ഏറ്റവും ഉയരവും തടിയും കൂടിയ സുഹ്രുത്തും അവന്‍ തന്നെ..:-)
No comments:
Post a Comment